National
ന്യൂഡൽഹി:ഈസ്റ്റർ ദിനത്തിലെ ജെഇഇ മെയിൻ പരീക്ഷ മാറ്റാൻ അപേക്ഷിക്കാം. ഈ വിഷയത്തിൽ കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ വാക്കാലുള്ള ഉറപ്പ് ലഭിച്ചതായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
ഏപ്രിൽ രണ്ട് മുതൽ 10 വരെ നടക്കാനിരിക്കുന്ന ഈ വർഷത്തെ ജെഇഇ മെയിൻ രണ്ടാം ഘട്ട പരീക്ഷാ തീയതികളിൽ മാറ്റം വരുത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയകതായി സുരേഷ് ഗോപി വ്യക്തമാക്കി.
ഈസ്റ്റർ ദിനമായ ഏപ്രിൽ അഞ്ചിലെ പരീക്ഷാ തീയതി മാറ്റാൻ ആഗ്രഹിക്കുന്നവർ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് തങ്ങളുടെ വിവരങ്ങൾ അയക്കേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 മാർച്ച് 28 ആണ്.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കർദിനാൾ ബസേലിയോസ് ക്ലിമ്മീസ് ബാവ നൽകിയ നിവേദനവും തുടർന്നുണ്ടായ ഇടപെടലുകളും പരിഗണിച്ചാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഈ ഉറപ്പ് നൽകിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
National
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ വ്യവസായ മേഖലകളുടെ പ്രവർത്തനം സുഗമമാക്കുന്നതിനായി വാണിജ്യ എൽപിജി വിതരണം 70 ശതമാനമായി ഉയർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ആഗോളതലത്തിൽ ഊർജ പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിലും ആഭ്യന്തര ഉത്പാദനവും വിതരണ ശൃംഖലയും ശക്തിപ്പെടുത്തി വ്യവസായ മേഖലയ്ക്ക് കരുത്തുപകരുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ച നിലനിർത്തുന്നതിനും ഇന്ധന ലഭ്യത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
ഭക്ഷ്യസംസ്കരണം, ഹോസ്പിറ്റാലിറ്റി, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ പ്രധാന മേഖലകൾക്ക് പുതിയ തീരുമാനത്തിലൂടെ കൂടുതൽ സിലിണ്ടറുകൾ ലഭ്യമാകും. വിതരണത്തിൽ തടസങ്ങൾ ഉണ്ടാകാതിരിക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ വിപണിയിലുള്ള ഡിമാൻഡ് കണക്കിലെടുത്താണ് വിതരണ തോത് ഉയർത്തിയത്. ഇത് വരും മാസങ്ങളിൽ വ്യവസായ ശാലകളുടെ പ്രവർത്തനച്ചെലവ് കുറയ്ക്കാനും വിപണിയിൽ ഉത്പന്നങ്ങളുടെ ലഭ്യത വർധിപ്പിക്കാനും സഹായിക്കും.
National
ന്യൂഡൽഹി: ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്ന സാഹചര്യത്തിലും ആ ഭാരം ജനങ്ങളിലേക്ക് കൈമാറാതെ കേന്ദ്ര സർക്കാർ നേരിട്ട് ഏറ്റെടുക്കുകയാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. അന്താരാഷ്ട്ര തലത്തിലുള്ള പ്രതിസന്ധികൾക്കിടയിലും രാജ്യത്തെ ഇന്ധനവില നിയന്ത്രിച്ചു നിർത്തുന്നതിലൂടെ സാധാരണക്കാരായ ഉപഭോക്താക്കളെ സംരക്ഷിക്കാനാണ് സർക്കാർ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങൾ ആഭ്യന്തര വിപണിയെ ബാധിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ധന ഇറക്കുമതിക്കായി രാജ്യം വലിയ തുക ചിലവഴിക്കുന്നുണ്ടെങ്കിലും പൊതുമേഖലാ എണ്ണ കമ്പനികൾ വലിയ നഷ്ടം സഹിച്ചാണ് കുറഞ്ഞ നിരക്കിൽ ഇന്ധനം വിതരണം ചെയ്യുന്നതെന്ന് മന്ത്രി സൂചിപ്പിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും സമ്പദ്വ്യവസ്ഥയുടെ സ്ഥിരത നിലനിർത്തുന്നതിനും ഇന്ധനവില നിയന്ത്രണം അനിവാര്യമാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഇന്ധനവിലയിൽ വലിയ വർധനവ് ഉണ്ടാകാത്തത് സർക്കാരിന്റെ കൃത്യമായ ഇടപെടലുകൾ മൂലമാണെന്നും അദ്ദേഹം ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനായി റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങുന്നതിനും ബദൽ ഊർജ സ്രോതസുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ മുൻഗണന നൽകുന്നുണ്ട്. വരും ദിവസങ്ങളിലും ആഗോള എണ്ണ വിപണി നിരീക്ഷിച്ചു വരികയാണെന്നും ഉപഭോക്താക്കൾക്ക് അമിതഭാരം ഉണ്ടാകാതിരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ആവർത്തിച്ചു. എണ്ണ ഉത്പാദക രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക് പ്ലസ് രാജ്യങ്ങളുമായും ഇന്ത്യ നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
National
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളുടെ ദുരുപയോഗത്തിൽനിന്നു കുട്ടികളെ സംരക്ഷിക്കുന്നതിന് പ്രായപരിധി ഏർപ്പെടുത്തുന്നതിന് ബന്ധപ്പെട്ട കന്പനികളുമായി സർക്കാർ ചർച്ച ആരംഭിച്ചതായി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ്.
പ്രായാധിഷ്ഠിത നിയന്ത്രണം പല രാജ്യങ്ങളിൽ നടപ്പാക്കിയതായും ഇന്ത്യയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള ശരിയായ മാർഗം സർക്കാർ പരിശോധിച്ചുവരികയാണെന്നും ഡൽഹിയിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
ബന്ധപ്പെട്ട പാർലമെന്ററി കമ്മിറ്റി വിഷയം സംബന്ധിച്ചു പഠനം നടത്തി ചില ശിപാർശകൾ നിർദേശിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡല്‍ഹി: പഠനം പൂര്‍ത്തിയാക്കിയ ശേഷം ബോണ്ടിന്റെ പേരില്‍ നഴ്സിംഗ് വിദ്യാര്‍ഥികളെ ചൂഷണം ചെയ്ത് യഥാര്‍ഥ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവയ്ക്കുന്ന സ്ഥാപനങ്ങൾക്കുമേൽ കര്‍ശനനടപടിയുണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ്.
നഴ്സിംഗ് സ്ഥാപനത്തില്‍ പഠനം പൂര്‍ത്തിയാക്കിയിട്ടും സ്ഥാപനത്തിനു കീഴിലുള്ള ആശുപത്രികളില്‍ ബോണ്ടിന്റെ പേരില്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കുന്നത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
വിദ്യാര്‍ഥികളില്‍നിന്ന് നിര്‍ബന്ധിത ബോണ്ട് ആവശ്യപ്പെടുന്നതും അതിനായി സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കുന്നതും അധാര്‍മിക നടപടിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച നിര്‍ദേശം ബന്ധപ്പെട്ട സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ക്കും സ്റ്റേറ്റ് നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രാര്‍മാര്‍ക്കും നഴ്സിംഗ് സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കും നല്‍കിയതായി മന്ത്രാലയം കഴിഞ്ഞമാസം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.
സുപ്രീംകോടതി നിര്‍ദേശത്തത്തുടര്‍ന്ന് മിക്ക സ്ഥാപനങ്ങളും നിര്‍ബന്ധിത ബോണ്ട് നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ ചില സ്ഥാപനങ്ങള്‍ ബോണ്ട് തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് നടപടി ശക്തമാക്കിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തോട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന സാന്പത്തിക ഉപരോധത്തിനെതിരേ സത്യഗ്രഹ സമരവുമായി സംസ്ഥാന സർക്കാർ.
ഈ മാസം 12ന് തിരുവനന്തപുരം രക്തസാക്ഷിമണ്ഡപത്തിൽ സത്യഗ്രഹ സമരം നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
National
ന്യൂഡൽഹി: കൊട്ടിയത്ത് നിർമാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ നടപടിയുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. കരാറുകാരായ ശിവാലയ കൺസ്ട്രക്ഷൻസ്, എൻജിനീയറിംഗ് ചുമതലയുള്ള ഫീഡ് ബാക്ക് ഇൻഫ്ര, സത്ര സർവീസസ് എന്നിവരെ ഒരു മാസത്തേക്ക് ടെൻഡറിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി.
മുപ്പത് മീറ്ററോളം ഉയരത്തിലുള്ള പാത ഇടിഞ്ഞു താഴ്ന്നത് ഗുരുതര വീഴ്ചയാണെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കി. മണ്ണ് പരിശോധനയിലും അടിസ്ഥാനം തയാറാക്കുന്നതിലും വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കാൺപൂർ ഐഐടിയിലെ ജിമ്മി തോമസ്, പാലക്കാട് ഐഐടിയിലെ ടി.കെ.സുധീഷ് എന്നിവർ ദേശീയപാത തകർന്ന സ്ഥലം സന്ദർശിച്ചിരുന്നു.
തുടർന്ന് ഇവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കരാർ കമ്പനിയുടെ പ്രോജക്ട് മാനേജർ, എൻജിനീയറിംഗ് കമ്പനിയുടെ റസിഡന്റ് എൻജിനീയർ എന്നിവരെ പ്രദേശത്തെ ചുമതലയിൽ നിന്ന് മാറ്റിയെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
കരിമ്പട്ടികയിൽ പെടുത്താതിരിക്കാനും നഷ്ടപരിഹാരം ഈടാക്കാതിരിക്കാനും കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കാൻ കമ്പനികൾക്ക് നോട്ടീസും നൽകി. വെള്ളിയാഴ്ച കൊട്ടിയം മൈലക്കാട് മണ്ണിടിഞ്ഞ് താഴ്ന്ന് സൈഡ് വാളും സർവീസ് റോഡും തകർന്ന അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള വാഹന യാത്രക്കാർ രക്ഷപ്പെട്ടത്.
National
ന്യൂഡൽഹി: സമഗ്ര വോട്ടർപട്ടികയുമായി ബന്ധപ്പെട്ട വിഷയം പാർലമെന്റിൽ ചർച്ചചെയ്യും. ഒമ്പത്, പത്ത് തീയതികളിൽ ലോക്സഭയിൽ നടക്കുന്ന ചർച്ചയ്ക്ക് നിയമമന്ത്രി അർജുൻറാം മേഘ്വാൾ മറുപടി നൽകും.
രണ്ടു ദിവസത്തെ ചർച്ചയ്ക്കായി ആകെ പത്തു മണിക്കൂറാണ് മാറ്റിവച്ചിരിക്കുന്നത്. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കാര്യോപദേശക സമിതിയിൽ സർക്കാർ അംഗീകരിക്കുകയായിരുന്നു. ആദ്യമായാണ് സർക്കാർ ഈ വിഷയത്തിൽ ചർച്ചയ്ക്ക് സന്നദ്ധതയറിച്ചത്.
കഴിഞ്ഞ സമ്മേളനത്തിൽ പ്രതിപക്ഷം ആവർത്തിച്ച് വിഷയം ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല. വന്ദേ മാതരത്തിന്റെ 150-ാം വാർഷികത്തിന്റെ ഭാഗമായി ഡിസംബർ എട്ടിന് പ്രത്യേക ചർച്ചയുമുണ്ടാകും.
Kerala
പരവൂർ: ആധാർ കാർഡിൽ വലിയ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നു. ഉടമയുടെ ഫോട്ടോയും ക്യൂആർ കോഡും മാത്രം ഉൾക്കൊള്ളുന്ന പുതിയ ആധാർ കാർഡുകൾ പുറത്തിറക്കാനാണ് നീക്കം.
ഓഫ് ലൈൻ വെരിഫിക്കേഷൻ കുറയ്ക്കുന്നതിനും വ്യാപകമായ ഡേറ്റ ദുരുപയോഗം തടയുന്നതിനുമാണ് യൂണിക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഒഫ് ഇന്ത്യ (യുഐഡിഎഐ) ലക്ഷ്യമിടുന്നത്. ഡിസംബർ ഒന്നിന് ഈ നിർദേശം ആധാർ അഥോറ്റിക്കു മുന്നിൽ അവതരിപ്പിക്കാൻ യുഐഡിഎഐ തീരുമാനിച്ചുകഴിഞ്ഞു.
ഹോട്ടലുകളും ഇതര സ്ഥാപനങ്ങളും അടക്കം വ്യക്തികളുടെ ആധാർ കാർഡിന്റെ പതിപ്പുകൾ വാങ്ങിവയ്ക്കുന്നുണ്ട്. ഇത്തരം ഓഫ് ലൈൻ വെരിഫിക്കേഷനുകളുടെ മറവിൽ നിരവധി തട്ടിപ്പുകൾ രാജ്യത്ത് അരങ്ങേറുന്നുണ്ട്. ഇത് ഒഴിവാക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
പുതിയ കാർഡുകളിൽ വ്യക്തികളുടെ സ്വകാര്യത നിലനിർത്തിക്കൊണ്ടുതന്നെ പ്രായപരിശോധന അടക്കമുള്ളവ നടത്താൻ സൗകര്യമുണ്ടാകും. ഓഫ് ലൈൻ വെരിഫിക്കേഷന്റെ കാര്യത്തിൽ എന്തെങ്കിലും ആവശ്യത്തിന് വ്യക്തികളുടെ ആധാർ നമ്പരോ ബയോ മെട്രിക് വിവരങ്ങളോ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും വിലക്കിയിട്ടുണ്ട്.
എന്നാൽ ഭൂരിഭാഗം സ്ഥാപനങ്ങളും ആധാർ കാർഡിന്റെ ഫോട്ടോ കോപ്പികൾ എടുത്ത് സൂക്ഷിക്കുന്നതു തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പരിഷ്കരിച്ച ആധാർ കാർഡ് പുറത്തിറക്കാൻ ആലോചിക്കുന്നത്. ഡിജിറ്റൽ പേഴ്സണൽ ഡേറ്റ പ്രൊട്ടക്ഷൻ ആക്ടിന് അനുസൃതമായി പ്രവർത്തിക്കുന്നതായിരിക്കും പുതിയ കാർഡുകൾ.
കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ രാജ്യത്താകമാനം 18 മാസത്തിനുള്ളിൽ പുതിയ കാർഡുകൾ പ്രവർത്തനക്ഷമമാക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷ.
Kerala
കൊച്ചി: വയനാട് മുണ്ടക്കൈ - ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. വായ്പ എഴുതിത്തള്ളൽ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ പറയുന്നത്.
മുണ്ടക്കൈ- ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹർജി ഇന്ന് ഹൈക്കോടതിയുടെ പരിധിയിൽ വരാനിരിക്കെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സത്യവാംഗ്മൂലം സമർപ്പിച്ചത്.
പൊതുമേഖലാ ബാങ്കുകൾക്ക് കേന്ദ്ര ധനകാര്യമന്ത്രാലയം നയ- നിർദേശങ്ങൾ മാത്രമാണ് നൽകുന്നത്. തീരുമാനമെടുക്കേണ്ടത് അതത് ബാങ്കുകളുടെ ഡയറക്ടർ ബോർഡാണ്. ബാങ്കുകൾ സ്വതന്ത്ര സംവിധാനമാണെന്നും കേന്ദ്രം സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കി.
ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്രത്തോട് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മൂന്നാഴ്ചത്തെ സാവകാശമാണ് കഴിഞ്ഞ തവണ ഹൈക്കോടതി ഈ ഈ കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്രം ആവശ്യപ്പെട്ടത്.
അതേസമയം, മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്നു വീണ്ടും പരിഗണിക്കും. ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
കഴിഞ്ഞ തവണ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത് ഡിസാസ്റ്റര്‍ മാനേജ്മെന്റുമായി ബന്ധപ്പെട്ടിട്ടുള്ള ചില ചട്ടങ്ങള്‍ ഭേദഗതിപ്പെടുത്തിയത് കൊണ്ട് വായ്പകള്‍ എഴുതി തള്ളുക എന്നുള്ളത് പ്രയാസമുള്ള കാര്യമായിരിക്കും എന്നാണ്.
അതേസമയം കേന്ദ്രം സഹായിക്കുന്നില്ല എന്നുണ്ടെങ്കില്‍ അക്കാര്യത്തില്‍ കൃത്യമായ ഇടപെടല്‍ ഉണ്ടാകും എന്ന് റവന്യൂ മന്ത്രി അടക്കം വ്യക്തമാക്കിയിട്ടുണ്ട്.
Kerala
ന്യൂഡൽഹി: രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതിയിൽ ഇന്ന് അന്തിമ വാദം നടക്കും. ഇന്ന് ഉച്ചയ്ക്ക് വാദം പൂർത്തിയാക്കി റിപ്പോർട്ടിനായി മാറ്റും.
നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണറുടെ പക്കൽ വർഷങ്ങളായി കെട്ടിക്കിടക്കുന്പോൾ സംസ്ഥാനങ്ങൾ തെറ്റായി മുറവിളി കൂട്ടുകയാണെന്ന് കേന്ദ്ര സര്‍ക്കാരിന് എങ്ങനെ പറയാൻ പറ്റുമെന്ന് സുപ്രീംകോടതി ബുധനാഴ്ച വിമർശിച്ചിരുന്നു.
രാഷ്ട്രപതി പരാമർശവുമായി ബന്ധപ്പെട്ട വാദത്തിനിടെ കഴിഞ്ഞ 55 വർഷത്തിനുള്ളിൽ 17,000 ബില്ലുകൾക്ക് അനുമതി നൽകിയപ്പോൾ വെറും 20 ബില്ലുകൾ തടഞ്ഞുവച്ചതിന് സംസ്ഥാനങ്ങൾ തെറ്റായ മുറവിളി കൂട്ടുകയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ ചോദ്യം.
ബിൽ തയാറാക്കുന്പോൾത്തന്നെ ഗവർണർക്ക് അതിൽ വിയോജിപ്പ് അറിയിക്കാൻ സാഹചര്യമുണ്ട്. എന്നാൽ പാസാക്കിയ ശേഷം ബിൽ ഗവർണറുടെ അടുത്തേക്ക് വരുന്പോൾ അദ്ദേഹം സമ്മതിക്കില്ലെന്ന് പറയുകയാണെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റീസ് നരസിംഹ ചൂണ്ടിക്കാട്ടി.
ഭരണഘടനപ്രകാരം ബിൽ തടഞ്ഞുവയ്ക്കാൻ സാധിക്കില്ല. അത് അംഗീകരിക്കുകയോ പുനഃപരിശോധനയ്ക്കായി തിരിച്ചയയ്ക്കുകയോ ചെയ്യണം. എന്നാൽ പുനഃപരിശോധനയ് ക്കു ശേഷം ബിൽ വീണ്ടും സമർപ്പിക്കുന്പോൾ എന്തു ചെയ്യണമെന്ന കാര്യത്തിൽ ഭരണഘടന നിശബ്ദമാണെന്നും ജസ്റ്റീസ് നരസിംഹ ചൂണ്ടിക്കാട്ടി.
രാഷ്ട്രപതിയുടെയും കേന്ദ്രത്തിന്റെയും പ്രതിനിധി, ഭരണഘടനയുടെ സംരക്ഷകൻ എന്നി നിലകളിലാണ് ഗവർണറുടെ പങ്കെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു.
National
ന്യൂഡൽഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സിന് പിന്നിൽ കേന്ദ്രസർക്കാരെന്ന് കേരളം സുപ്രീം കോടതിയിൽ. സുപ്രിംകോടതി വിധി മറികടക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ശ്രമമെന്നും കേരളത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ വാദിച്ചു.
എത്രയും വേഗം എന്നതിന് സമയപരിധി ആവശ്യമാണ്. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കുക എന്നതാണ് രാഷ്ട്രപതിയുടെ ചുമതല. അതിനെ മറികടന്ന് പോകുക എന്നതല്ലെന്നും കേരളം വാദിച്ചു. അതേസമയം, രാഷ്ട്രപതിയുടെ റഫറൻസ് നിയമപരമായി നിലനിൽക്കില്ലെന്നാണ് തമിഴ്നാടിന് വേണ്ടി വാദിക്കുന്ന അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.
രാഷ്ട്രപതി നൽകിയ റഫറൻസ് നിലനിൽക്കുമോ എന്നുള്ളതിലാണ് ഇപ്പോൾ വാദം നടക്കുന്നത്. ഈ റഫറൻസ് നിലനിൽക്കില്ല എന്ന വാദമാണ് കേരളവും തമിഴ്നാടും സുപ്രീംകോടതിയിൽ ഉന്നയിക്കുന്നത്.
അതേസമയം, റഫറന്‍സ് അയക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. കേന്ദ്ര സർക്കാരിനായി എജിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമാണ് വാദിക്കുന്നത്.